District News
പത്തനംതിട്ട: നിയമസഭ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് നിയോജകമണ്ഡലങ്ങളിലെ പോളിംഗ് ശതമാനം വിശദമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമകണക്ക്പുറത്തുവിട്ടു.
തെരഞ്ഞെടുപ്പിനുശേഷം നൽകിയ കണക്കുകളിൽ നിന്നും അന്തിമ കണക്കിൽ വ്യത്യാസമുണ്ടായിട്ടില്ല.
തിരുവല്ല - 69.47, റാന്നി - 68.99, ആറന്മുള - 71.5, കോന്നി - 70.03, അടൂർ - 73.51 എന്നിങ്ങനെയാണ് കണക്ക്.ജില്ലയിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടവരിൽ 5402 പേർ വോട്ട് ചെയ്തിട്ടുണ്ട്.
80 വയസിനു മുകളിലുള്ളവർക്കായുള്ള ഹോംവോട്ടിംഗിൽ 9018 പേരും ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 1838 പേരും അവശ്യ സേവന വിഭാഗത്തിൽ 658 പേരും വോട്ട് ചെയ്തു.
Kerala
തൃശൂർ: വോട്ട് ചെയ്ത് പുറത്തിറങ്ങിയ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. വാണിയംപാറ ഇകെഎംയുപി സ്കൂളിലെ 37-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് ( 63, ഉണ്ണി ചെക്കൻ) ആണ് മരിച്ചത്.
വോട്ട് രേഖപ്പെടുത്തി പുറത്തിറങ്ങിയ വിനോദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് പോളിംഗ് ഓഫീസറുടെ നേതൃത്വത്തിൽ വീൽചെയറിൽ ഇരുത്തുന്ന സമയത്ത് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആംബുലൻസിൽ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Kerala
കൊച്ചി: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് ആരംഭിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോൾ ബൂത്തുകളിൽ നീണ്ട നിര. നിലവിൽ 5.3 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
വോട്ട് രേഖപ്പെടുത്തിയതിനു പിന്നാലെ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് നേതാക്കളും ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് നേതാക്കളും അവകാശപ്പെട്ടു. പുന്നപ്ര പറവൂർ വി.എസ്.അച്യുതാനന്ദൻ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 92-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രം തകരാറിലായത് മൂലം രാവിലെ എട്ടു മണിയായിട്ടും വോട്ടെടുപ്പ് ആരംഭിക്കാൻ ആയിട്ടില്ല.
പോളിംഗ് ഉയരുമെന്ന പ്രതീക്ഷയിലാണ് പാർട്ടികൾ. പരമാവധി വോട്ടർമാരെ ബൂത്തിലെത്തിക്കാൻ പ്രചാരണ പരിപാടികളുമായി തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തുണ്ടായിരുന്നു. കന്നി വോട്ടർമാരെ മധുരം നൽകിയാണ് സ്വീകരിക്കുക. വൈകുന്നേരം ആറുവരെയ ക്യൂവിലുളള എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.75 ശതമാനം ആയിരുന്നു പോളിംഗ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ മാത്രം ബാക്കിനിൽക്കെ അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. നാളെയാണ് കലാശക്കൊട്ട്. അതേസമയം ഇടത് സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ റോഡ് ഷോ പെരളശേരിയിൽ നടക്കും.
ഓരോ പാർട്ടിയിലേയും കേന്ദ്ര നേതാക്കളടക്കം കേരളത്തിലെത്തി പ്രചാരണത്തിൽ പങ്കാളിയാവുന്നുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇന്ന് വടക്കൻ കേരളത്തിൽ പ്രചാരണം നടത്തും. കൊല്ലത്ത് രേവന്ത് റെഡ്ഡിയുടെ റോഡ് ഷോ നടക്കും. അതേസമയം കേന്ദ്രമന്ത്രി അമിത്ഷാ കേരളത്തിൽ തുടരുകയാണ്. ഇന്നലെ ബേപ്പൂരിൽ എൻഡിഎ സ്ഥാനാർഥിയുടെ ഉൾപ്പെടെ പ്രചാരണത്തിൽ അമിത് ഷാ പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ ഇന്ന് പാലക്കാടെത്തും.
Kerala
തൃശൂർ: വോട്ടിനായി ബിജെപി കിറ്റുകൾ നൽകിയെന്ന് പരാതി. തൃശൂർ ഒളരിയിലുള്ള സൂപ്പർമാർക്കറ്റിലാണ് കിറ്റുകൾ തയാറാക്കിവച്ചത്. അമ്പതോളം പേർ കിറ്റ് വാങ്ങിയെന്നും സിപിഎം പ്രവർത്തകർ ആരോപിച്ചു. സംഭവത്തിൽ കട അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് സിപിഎം പ്രവർത്തകർ.
അതേസമയം പണവും മദ്യവും കിറ്റും നൽകി തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നുവെന്ന് വി.എസ്. സുനിൽ കുമാർ ആരോപിച്ചു. ബിജെപി 2024ൽ നടത്തിയത് വീണ്ടും നടത്തുന്നു. നഗ്നമായ തെരഞ്ഞെടുപ്പ് ലംഘനമാണിത്. പെട്ടിയിൽ പണവുമായാണ് കേന്ദ്ര നേതാക്കൾ വരുന്നതെന്നും വി.എസ്. സുനിൽകുമാർ ആരോപിച്ചു. സംഭവത്തിൽ പരാതി നൽകുമെന്നും അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ വിഷുവിനായി തയാറാക്കിയ കിറ്റാണെന്നാണ് കടയുടമ പറയുന്നത്. സൂപ്പർമാർക്കറ്റിന്റെ പിന്നിലാണ് കിറ്റുകൾ തയാറാക്കി വച്ചിരിക്കുന്നത്. 75 കിറ്റുകൾ തയാറാക്കിവച്ചതിൽ 50 എണ്ണം കൊണ്ടുപോയെന്നും കടയുടമ പറഞ്ഞു. സംഭവത്തെ തുടർന്ന് സൂപ്പർ മാർക്കറ്റ് അടപ്പിച്ചു.
District News
കണ്ണൂർ: എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തിൽ സാധാരണ ജനങ്ങൾക്കുണ്ടായിട്ടുള്ള അസഹനീയാവസ്ഥ ഈ തെരഞ്ഞെടുപ്പിൽ വോട്ടർമാരിലൂടെ പ്രതിഫലിക്കണമെന്ന് കണ്ണൂർ കോർപറേഷൻ മേയർ പി. ഇന്ദിര.
കേരള മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൾടെക്സ് ജംഗ്ഷനിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് ഇടപെടൽ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേയർ. മദ്യനിരോധന സമിതി കണ്ണൂർ ജില്ലാ പ്രസിഡന്റ് എ. രഘു അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.ജി. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശശികല, സംസ്ഥാന സെക്രട്ടറിമാരായ ഐ.സി. മേരി, ടി. ചന്ദ്രൻ, പള്ളിപ്രം പ്രസന്നൻ, ഇംതിയാസ്, സൗമി മട്ടന്നൂർ, പദ്മജ സുരേഷ്, പി. നാണി, മധു കക്കാട് എന്നിവർ പ്രസംഗിച്ചു.
National
ന്യൂഡൽഹി: വോട്ടർമാരാകുക എന്നതു ഭരണഘടനാപദവി മാത്രമല്ല, രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിനായുള്ള പൗരന്റെ പ്രധാന കടമകൂടിയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ദേശീയ വോട്ടർ ദിനത്തിൽ ആശംസ നേർന്ന പ്രധാനമന്ത്രി രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളിലുള്ള വിശ്വാസം കൂടുതൽ ആഴത്തിലാക്കുന്നതാണീ ഈ ദിവസമെന്നും എക്സിലെ പോസ്റ്റിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്ഥാപക ദിനമായ ജനുവരി 25 വോട്ടർ ദിനമായാണു രാജ്യം ആഘോഷിക്കുന്നത്.
Kerala
പാലക്കാട്: നഗരസഭ വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് കൗൺസിലറെ ഒഴിവാക്കി. കൗൺസിൽ ഹാളിൽ വോട്ടെടുപ്പ് നടപടികൾ പുരോഗമിക്കുന്നതിനിടെ വൈകിയെത്തിയെന്ന കാരണത്താലാണ് യുഡിഎഫ് കൗൺസിലർ പ്രശോഭിനെ ഒഴിവാക്കിയത്.
കൗൺസിൽ യോഗം ആരംഭിച്ച് 2.37 നാണ് അദ്ദേഹം ഹാളിലെത്തിയത്. ബിജെപി അംഗങ്ങൾ എതിർപ്പുമായി രംഗത്ത് വന്നതോടെ റിട്ടേണിംഗ് ഓഫീസർ ഇദ്ദേഹത്തോട് പുറത്തുപോകാൻ ആവശ്യപ്പെടുകയായിരുന്നു.
ഗുളിക വാങ്ങാൻ പോയതിനാലാണ് വൈകിയതെന്ന് പ്രശോഭ് വിശദീകരിച്ചെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. ഇതോടെ 17 അംഗങ്ങൾ മാത്രമാണ് യുഡിഎഫിൽ നിന്ന് വോട്ടെടുപ്പിൽ പങ്കെടുത്തത്. .
Kerala
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് തെരഞ്ഞെടുപ്പ് മാറ്റിവച്ച വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന് നടക്കും. ജനുവരി 13നാണ് വോട്ടെണ്ണൽ.
തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം, മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം, എറണാകുളം പാമ്പാക്കട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നീ വാർഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക.
Kerala
മലപ്പുറം: വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. താനൂർ പകര തീണ്ടാപ്പാറ നന്ദനില് അലവി (50) ആണ് മരിച്ചത്.
താനാളൂര് ഏഴാം വാർഡ് ഒകെ പാറ മദ്രസയില് വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു അലവി. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാറ്ററിംഗ് സ്ഥാപന ഉടമയാണ്. മാതാപിതാക്കൾ: എന്. അഹമ്മദ് കുട്ടി, ആമിന, ഭാര്യ: സുമയ്യ. മകന്: സിയാദ്. സഹോദരങ്ങള്: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായില്.
Kerala
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തെരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലും ഇന്നു തെരഞ്ഞെടുപ്പ് നടക്കുന്നത്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച (ഡിസംബർ 11) ന് നടക്കും. രാവിലെ ഏഴിന് പോളിംഗ് തുടങ്ങും. വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. 1,53,37176 പേരാണ് രണ്ടാം ഘട്ടത്തിലെ വോട്ടർ പട്ടികയിലുള്ളത്. 38,994 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
604 തദ്ദേശ സ്ഥാപനങ്ങളിലെ (ഗ്രാമപഞ്ചായത്ത് - 470, ബ്ലോക്ക് പഞ്ചായത്ത് - 77, ജില്ലാ പഞ്ചായത്ത് - 7, മുനിസിപ്പാലിറ്റി - 47, കോർപ്പറേഷൻ - 3) 12391 വാർഡുകളിലേയ്ക്കാണ് (ഗ്രാമ പഞ്ചായത്ത് വാർഡ് - 9015, ബ്ലോക്ക് പഞ്ചായത്ത് വാർഡ് - 1177, ജില്ലാ പഞ്ചായത്ത് വാർഡ് - 182, മുനിസിപ്പാലിറ്റി വാർഡ് - 1829, കോർപ്പറേഷൻ വാർഡ് - 188) വ്യാഴാഴാച (ഡിസംബർ 11) വോട്ടെടുപ്പ് നടക്കുന്നത്.
ആകെയുള്ള 1,53,37,176 വോട്ടർമാരിൽ 7,24,6,269 പേർ പുരുഷൻമാരും 8,09,0746 പേർ സ്ത്രീകളും 161 പേർ ട്രാൻസ്ഡെൻഡേഴ്സുമാണ്. 3,293 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാർഥികളാണ് (18,974 പുരുഷന്മാരും, 20,020 സ്ത്രീകളും) മത്സരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്ക് 28,274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3,742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5,546 ഉം, കോർപ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാർഥികളുമാണ് മത്സരരംഗത്തുള്ളത്.
രണ്ടാംഘട്ടത്തിൽ ആകെ 18,274 പോളിംഗ് സ്റ്റേഷനുകളാണുളളത്. ഇതിൽ 2055 എണ്ണം പ്രശ്നബാധിത ബൂത്തുകളായി (തൃശൂർ- 81, പാലക്കാട്- 180, മലപ്പുറം- 295, കോഴിക്കോട്- 166, വയനാട്— 189, കണ്ണൂർ- 1025 , കാസർഗോഡ്- 119) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതാണ്.
കാൻഡിഡേറ്റ് സെറ്റിംഗ് കഴിഞ്ഞ 18,274 കൺട്രോൾ യൂണിറ്റും 49,019 ബാലറ്റ് യൂണിറ്റും പോളിങ്ങിനായി തയ്യാറായി കഴിഞ്ഞു. 2,631 കൺട്രോൾ യൂണിറ്റും 6,943 ബാലറ്റ് യൂണിറ്റും റിസർവായി കരുതിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ മികച്ച പോളിംഗ്. വൈകുന്നേരം നാല് വരെ 60 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിംഗ് തിരുവനന്തപുരത്തും (55.71%) കൂടുതൽ പോളിംഗ് എറണാകുളത്തുമാണ് (63.54%) രേഖപ്പെടുത്തിയത്.
ആലപ്പുഴ 62.64%, കൊല്ലം 59.68%, പത്തനംതിട്ട 57.49%, കോട്ടയം 60.02%, ഇടുക്കി 58.84% എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. സ്ഥാനാർഥികൾ എല്ലാവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കഴിഞ്ഞ ഒരു മാസം നടത്തിയ പ്രചാരണം ജനങ്ങൾ ഏറ്റെടുത്തതിന്റെ തെളിവാണ് പോളിംഗിൽ കാണാൻ കഴിയുന്നത്. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാണെന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറഞ്ഞു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ പണിമുടക്കിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളൊഴിച്ചാൽ തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു.
വോട്ടിംഗ് മെഷീൻ മാറിയതിനെ തുടർന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വൈകിയാണ് ആരംഭിച്ചത്. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്. പകരം തലവൂർ ഡിവിഷനിലെ വോട്ടിംഗ് മെഷിനാണ് എത്തിച്ചത്.
ഇതോടെ പട്ടാഴിയിലും തലവൂരിലും വോട്ടിംഗ് വൈകിയാണ് ആരംഭിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപ്പെട്ട സമയത്തിനു പകരമായി അധിക സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള ഏഴുജില്ലകള്ക്ക് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 13ന് രാവിലെ വോട്ടെണ്ണും.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് മൂന്നു മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ആകെ 20.41% പേർ വോട്ട് രേഖപ്പെടുത്തി. ഏറ്റവും കൂടുതൽ പോളിംഗ് ആലപ്പുഴയിലും (21.82%) കുറവ് പോളിംഗ് തിരുവനന്തപുരത്താണ് (18.93%) രേഖപ്പെടുത്തിയത്.
കൊല്ലം (20.73%), പത്തനംതിട്ട (20.04%), കോട്ടയം (20.55%), ഇടുക്കി (19.09%), എറണാകുളം (21.07%) എന്നിങ്ങനെയാണ് ജില്ലാ അടിസ്ഥാനത്തിലെ പോളിംഗ് ശതമാനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യനിത്തോട്ടത്തു കള്ളവോട്ട് ചെയ്തെന്ന് ആരോപണം ഉയർന്നു.
മങ്കുഴികുന്നേൽ വിഷ്ണുവിന്റെ വോട്ട് സഹോദരൻ ജിഷ്ണു ചെയ്തുവെന്ന് എൽഡിഎഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകുമെന്ന് എൽഡിഎഫ് വ്യക്തമാക്കി. ഇടുക്കി മറയൂർ പഞ്ചായത്തിൽ 10-ാം വാർഡ് (മാശി വയൽ) ബ്ലോക്ക് സ്ഥാനാർഥികളുടെ ബാലറ്റ് യൂണിറ്റ് മാറി പോയി.
പകരം യൂണിറ്റ് സ്ഥാപിച്ചാണ് ഇവിടെ വോട്ടിംഗ് പുരോഗമിക്കുന്നത്. കോട്ടയം പായിപ്പാട് കുഴഞ്ഞു വീണ രണ്ട് പോളിംഗ് ഉദ്യോഗസ്ഥരെ മാറ്റി. വാകത്താനത്തും ഒരു പോളിംഗ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു.
Kerala
കൊല്ലം: വോട്ടിംഗ് മെഷീൻ മാറിയതിനെ തുടർന്ന് പത്തനാപുരത്ത് തെരഞ്ഞെടുപ്പ് വൈകുന്നു. പട്ടാഴി പാണ്ടിത്തിട്ട ഗവ. എൽപിഎസിലെ ബൂത്തിൽ നടുത്തേരി ബ്ലോക്ക് ഡിവിഷന്റെ മെഷിനായിരുന്നു എത്തിക്കേണ്ടിയിരുന്നത്.
പകരം തലവൂർ ഡിവിഷനിലെ വോട്ടിംഗ് മെഷിനാണ് എത്തിച്ചത്. മോക് പോളിംഗ് തുടങ്ങിയപ്പോഴാണ് മെഷീൻ മാറിയെന്ന് മനസിലായത്. പ്രശ്നം പരിഹരിക്കാൻ ശ്രമം തുടരുകയാണ്. ഏഴരയ്ക്കുശേഷവും പോളിംഗ് ആരംഭിക്കാത്തതിനാൽ പ്രതിഷേധവുമായി വോട്ടർമാർ രംഗത്തെത്തി.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നഷ്ടപ്പെട്ട സമയത്തിനു പകരമായി അധിക സമയം അനുവദിക്കണമെന്ന് രാഷ്ട്രീയ പാർട്ടികൾ ആവശ്യപ്പെട്ടു.
Kerala
തിരുവനന്തപുരം: ഒരു മാസത്തോളം നീണ്ട വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണത്തിനു ശേഷം തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 579 തദ്ദേശസ്ഥാപനങ്ങളിലെ 11,168 വാർഡുകളിലാണ് ഇന്ന് വോട്ടെടുപ്പു നടക്കുന്നത്. വൈകുന്നേരം ആറു വരെയാണ് വോട്ടെടുപ്പ്.
ആകെ 36,630 സ്ഥാനാർഥികളാണ് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴു ജില്ലകളിൽ മത്സരരംഗത്തുള്ളത്. തിരുവനന്തപുരത്ത് പോത്തൻകോട് ഡിവിഷനിൽ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാർഥി അമേയ പ്രസാദ് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയാണ്.
ആദ്യഘട്ടത്തിൽ 471 ഗ്രാമപഞ്ചായത്തുകളിൽ 8,310 സ്ഥാനാർഥികൾ മത്സരിക്കുന്നു. 75 ബ്ലോക്ക് പഞ്ചായത്തുകളിലായി 1,090 സ്ഥാനാർഥികളും ഏഴു ജില്ലാ പഞ്ചായത്തുകളിൽ 164 പേരും മത്സരിക്കുന്നു. 39 മുനിസിപ്പാലിറ്റികളിൽ 1,371 പേരും തിരുവനന്തപുരം, കൊല്ലം, കൊച്ചി കോർപറേഷനുകളിലായി 233 പേരും മത്സരരംഗത്തുണ്ട്.
മൂന്നു മുന്നണികൾക്കും അതീവ നിർണായകമായ തെരഞ്ഞെടുപ്പ് അഞ്ചു മാസത്തിനപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബലപരീക്ഷണമായാണ് മുന്നണികൾ കണക്കു കൂട്ടുന്നത്. തെരഞ്ഞെടുപ്പിനു തൊട്ടുമുന്പായി സാമൂഹ്യക്ഷേമപെൻഷൻ വർധന ഉൾപ്പെടെയുള്ള ക്ഷേമനടപടികൾ പ്രഖ്യാപിച്ചു കൊണ്ടും പ്രചാരണരംഗത്ത് വികസന പ്രവർത്തനങ്ങൾ എണ്ണിറഞ്ഞുമാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ശബരിമല സ്വർണമോഷണം തെരഞ്ഞെടുപ്പു വിഷയമായി യുഡിഎഫ് ഉയർത്തിക്കാട്ടിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉയർന്ന പരാതിയും പോലീസ് നടപടികളുമായിരുന്നു എൽഡിഎഫിന്റെ പ്രതിരോധം. വികസനരംഗത്തെ മുരടിപ്പും യുഡിഎഫ് ഉയർത്തിക്കാട്ടി. ശബരിമല വിഷയത്തിൽ ബിജെപി വലിയ ആവേശം കാട്ടിയില്ല.
പേരുദോഷം വരാതിരിക്കാൻ ഇടയ്ക്കിടെ പറഞ്ഞു കൊണ്ടിരുന്നു എന്നു മാത്രം. ശബരിമല കത്തിച്ചാൽ അതിന്റെ പ്രയോജനം യുഡിഎഫിനു പോകുമോ എന്ന ആശങ്കയാകാം കാരണം. വികസനത്തിൽ ഊന്നിയായിരുന്നു ബിജെപിയുടെ തുടക്കം മുതലുള്ള പ്രചാരണം.
ഏഴു ജില്ലകളിൽ ഇന്നു വോട്ടെടുപ്പു നടക്കുന്പോൾ അവശേഷിക്കുന്ന ഏഴു ജില്ലകളിൽ ഇന്നു വൈകുന്നേരം പരസ്യപ്രചാരണം അവസാനിക്കും. വ്യാഴാഴ്ചയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ്. ശനിയാഴ്ച വോട്ടെണ്ണൽ.
Kerala
തിരുവനന്തപുരം: വോട്ടർമാർ വോട്ടിംഗ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ. രാവിലെ ഏഴ് മുതൽ പോളിംഗ് ബൂത്തുകളിൽ വോട്ടെടുപ്പ് ആരംഭിക്കും.
സുതാര്യമായ രീതിയിൽ വോട്ട് ചെയ്യുന്നതിനായി തിരിച്ചറിയൽ രേഖ കൈവശമുണ്ടായിരിക്കണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള വോട്ടർ തിരിച്ചറിയൽ കാർഡ്, വോട്ടർ സ്ലിപ്പ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഹാജരാക്കാം.
ഇതുകൂടാതെ ഫോട്ടോ പതിച്ച എസ്എസ്എൽസി സർട്ടിഫിക്കറ്റ്, ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തെരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുൻപ് വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം.
പോളിംഗ് ബൂത്തുകളിൽ മോക് പോളിംഗ് അവസാനിച്ചു. വിവിധ ജില്ലകളിൽ വോട്ടർമാർ പോളിംഗ് ബൂത്തുകളിലേക്കെത്തി തുടങ്ങിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് സമയക്രമം സമ്മതിദായകർ ശ്രദ്ധിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്.
വൈകുന്നേരം ആറുവരെ പോളിംഗ് സ്റ്റേഷനിൽ വോട്ട് ചെയ്യാനെത്തിയ മുഴുവൻ പേർക്കും വോട്ട് ചെയ്യാൻ അവസരം നൽകും.
വോട്ടെടുപ്പ് അവസാനിപ്പിക്കാൻ നിശ്ചയിച്ച സമയത്തിന് പോളിംഗ് സ്റ്റേഷനിൽ ക്യൂവിൽ നിൽക്കുന്ന എല്ലാവരെയും വോട്ട് ചെയ്യാൻ അനുവദിക്കും. ഇവർക്ക് പ്രിസൈഡിംഗ് ഓഫീസർ ഒപ്പിട്ട സ്ലിപ്പ് നൽകും.
ഏറ്റവും അവസാനത്തെ ആൾക്ക് ഒന്ന് എന്ന ക്രമത്തിലാണ് സ്ലിപ് നൽകുക. വോട്ടെടുപ്പ് അവസാനിപ്പിക്കുന്നതിനുള്ള സമയം കഴിഞ്ഞാലും ക്യൂവിലുള്ള സമ്മതിദായകർ എല്ലാവരും വോട്ട് ചെയ്തു കഴിയുന്നതുവരെ വോട്ടെടുപ്പ് തുടരും.
നോട്ടയും വിവിപാറ്റും ഇല്ല
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനിൽ നോട്ട (NOTA) രേഖപ്പെടുത്താൻ കഴിയില്ല. അതുപോലെ വിവിപാറ്റ് മെഷീനുമുണ്ടാകില്ല.
Kerala
തിരുവനന്തപുരം: വയനാട് ജില്ലയിലെ ചുരൽമല-മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ താമസിച്ചു വരുന്ന ആളുകൾക്ക് തദ്ദേശ പൊതുതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി വാഹന സൗകര്യമുണ്ടാകുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ.
ഇതിനായി ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാൻ വയനാട് ജില്ലാ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.
വയനാട്ടിൽ രണ്ടാം ഘട്ടത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. ഡിസംബർ 11നാണ് വയനാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.
Kerala
കോഴിക്കോട്: വോട്ടിംഗ് മെഷീനിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നത്തിന് വലിപ്പക്കുറവെന്ന് ആരോപിച്ച് മുസ്ലിം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കോഴിക്കോട് പയ്യാനക്കൽ, മുഖദാർ വാർഡുകളിലെ മെഷീനിലെ കോണി ചിഹ്നത്തിനാണ് വലിപ്പക്കുറവെന്ന് ആരോപണം ഉയർന്നത്.
പരാതിയിൽ ജില്ലാ കളക്ടർ പ്രാഥമിക പരിശോധന നടത്തുകയും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു. തുടർന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
മെഷീനിലെ മറ്റ് ചിഹ്നങ്ങൾക്ക് വലിപ്പക്കൂടുതലാണെന്നും കോണി ചിഹ്നം ഒരു വരപോലെ മാത്രമേ കാണുന്നുള്ളൂവെന്നും ലീഗ് നേതൃത്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ലിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകൾ പുതുതായി ചേർത്തപ്പോൾ 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ആകെ 2.86 കോടി വോട്ടർമാരാണ് ലിസ്റ്റിലുള്ളത്.
ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വരേണ്ടിയിരുന്ന പട്ടികയാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു.
21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധിഅവസാനിക്കും. തെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.